2014, ജൂൺ 17, ചൊവ്വാഴ്ച

" മോനെ അതാണ്‌ നമ്മുടെ ആകാശവാണി നിലയം ....."



             " മോനെ അതാണ്‌ നമ്മുടെ ആകാശവാണി നിലയം ....."



" ആകാശവാണി ...തൃശൂർ....നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ ....."

വൈകുന്നേരങ്ങളിൽ അയലത്തെ വീടിലെ റേഡിയോയിൽ നിന്നും ഒഴുകിവരുന്ന ശബ്ദശകലങ്ങൾ ......

അപ്പോഴേക്കും ഓടിചെല്ലും .....അയലത്തെ വീടിന്റെ ജനവാതിലിനരികിലേക്ക് .....

നാല് ബാറ്ററിയിൽ പ്രവര്ത്തിക്കുന്ന " മര്ഫി "  കമ്പനിയുടെ ആ ചെറിയ റേഡിയോ ഇന്നും മറന്നിട്ടില്ല.

അതിൽനിന്നും ഒഴുകി വരുന്ന തങ്കമണിചേച്ചിയുടെ മധുരമായ സംഭാഷണങ്ങളും പുറകെ ഒഴുകിയെത്തുന്ന യേശുദാസിന്റെയും
ജയച്ചന്ദ്രന്റെയും ജാനകിയുടെയുമൊക്കെ സിനിമാപ്പാട്ടുകളും ....

ഹോ ...അരമണിക്കൂറും ഒരുമണിക്കൂറുമൊക്കെ കടന്നുപോകുന്നത് അറിയുകയേയില്ല ....

അന്ന് ......ആകാശവാണിയിലൂടെ പാട്ടുകൾ കേൾക്കുമ്പോൾ ,
മനസ്സിൽ സിനിമയിലെ രംഗങ്ങളെല്ലാം ഒരു റ്റെലിവിഷനിലൂടെന്നപോലെ കടന്നുപോകും ....
( അന്ന് റ്റെലിവിഷനൊന്നും ഇല്ലായിരുന്നു കേട്ടോ ...)

എത്ര നല്ല കാലമായിരുന്നു അത് .....
ജീവിതത്തിന്റെ സുവർണ്ണകാലം എന്ന് പറയുന്നതാകും കൂടുതൽ ശരി.
ഇല്ലായ്മയുടെയും വല്ലായ്മയുടെയും മറക്കാനാകാത്ത ആ സുഖകരമായ ഓര്മ്മകളെ, ഒരു ഉണര്ത്തുപ്പാട്ടെന്നപോലെ ഓർമ്മയിലെക്കെത്തിക്കാൻ 
ആകാശവാണിക്കു മാത്രമേ കഴിയു ....
അന്നെല്ലാം ...........
(1970 മുതലുള്ള ഓര്മ്മകളാണ് ഞാൻ ഇവിടെ പ്രതിപാധിക്കുന്നത് )

സിനിമാപ്പാട്ടുകളായാലും ലളിതഗാനങ്ങളായാലും നാടകഗാനങ്ങളായാലും കേൾക്കണമെങ്കിൽ ആകാശവാണിയല്ലാതെ
മറ്റൊരു മാർഗമില്ല ...

യേശുദാസിന്റെയും ജയചന്ദ്രന്റെയും ജാനകിയുടെയുമൊക്കെ പാട്ടുകൾ ആകാശവാണിയിലൂടെ കേട്ട് കേട്ട്
അവരെയെല്ലാം മനസ്സിന്റെ ഒരു കോണിൽ ദൈവസമാനമായി ആരാധിച്ചിരുന്ന കാലമായിരുന്നു അത്.

ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റം ഒരു പരിധിവരെ നമ്മെയെല്ലാം റെഡിയോവിന്റെ ലോകത്തുനിന്നും അകറ്റി നിർത്തി എന്നുപറയുന്നതിൽ ഒരു തെറ്റുമില്ല...
 
ഇന്ന് കാലമെത്ര മാറിയിരിക്കുന്നു...
വേഗതയാണ് എല്ലാം......
പഴമകളെല്ലാം കൈമോശം വന്നിരിക്കുന്നു.......
എത്രനേരമിരുന്ന് എത്ര ആവര്ത്തി കേട്ടാലും മനസ്സിന്റെ ഒരു കോണിൽ പോലും
സ്ഥാനം പിടിക്കാൻ കഴിയാത്ത പുതിയ തലമുറയിലെ ഗാനങ്ങളും ......,

എന്തും, എപ്പോഴും, എങ്ങിനെയും പറയാനുള്ള സ്വാതന്ത്ര്യത്തോടെ രംഗപ്രവേശം ചെയ്ത എഫ്.എം നിലയങ്ങളും വന്ന വരവിൽ തെല്ലൊരു ഇളക്കം സൃഷ്ട്ടിചെങ്കിലും
 
നമ്മുടെ ആകാശവാണി നിലയങ്ങൾ അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ
തനതായ ശൈലി നിലനിര്ത്തികൊണ്ട് ,പറഞ്ഞാൽ തീരാത്തത്ര ശ്രോതാക്കളുമായി ഇന്നും മുന്നിൽതന്നെ...

ഇതു സമയവും പാട്ടുകൾ തന്നെയായാലും അത് ഒരു ബോറടി തന്നെയാണ് ...തീര്ച്ച

എന്നാൽ ആകാശവാണിയിൽ വിനോദ വിജ്ഞാന പരിപാടികളും,ചർച്ചകളും, സാഹിത്യരംഗങ്ങളും, സിംപോസിയങ്ങളും, ആനുകാലിക
വാര്ത്താപരിപാടികളും ...അങ്ങിനെ എല്ലാം ഒത്തുചേർന്നുള്ള ഒരു സംഗമമാണ് ..

ഒരു പ്രത്യേക ശൈലിയാണ്  ആകാശവാണിക്ക് ...
ആരെയും ആകര്ഷിക്കുന്ന , പഴമയെ  സ്മരിക്കുന്ന, ഗ്രിഹാതുരത്വം ഉണര്ത്തുന്ന ഒരു മാസ്മരിക ശക്തിയുണ്ട് ആകാശവാണിക്ക് ....

കുട്ടിക്കാലത്ത്  മധ്യവേനലവധി ആഘോഷിക്കാൻ അമ്മയുടെ വീട്ടിലേക്കു,ബസ്സിൽ യാത്ര പോകുമ്പോൾ .....
ഉയര്ന്നു നില്ക്കുന്ന വലിയ ഏരിയൽ ( ആകാശവാണിയുടെ ടവർ ) കാണിച്ചുതന്നുകൊണ്ട് എന്നോടും അമ്മയോടുമായിഅച്ഛൻ പറയും ..
 
" മോനെ അതാണ്‌ നമ്മുടെ ആകാശവാണി നിലയം ....."

ഞാനും അമ്മയും അത്ഭുതത്തോടെ, അതിരറ്റ സന്തോഷത്തോടെ, സ്നേഹത്തോടെ, ഭവ്യതയോടെ ...നോക്കിയിരുന്നിട്ടുണ്ട് ...

അതിലും ഉയരത്തിൽ ഇന്നുയര്ന്നുനില്ക്കുന്ന മൊബയിൽ ടവറുകൾ കാനുംബോഴോന്നും അന്ന് തോന്നിയ അത്ഭുതവും ആഹ്ലാദവും തോന്നാറില്ല...
 
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നും ആകാശവാണി നിലയം കാണാൻ കൊണ്ടുപോയതും, തങ്കമണി ചേച്ചിയുമായി നേരിൽ സംസാരിച്ചതും, എല്ലാം കണ്ട് അമ്പരന്നുനിന്നതുമെല്ലാം ഇന്നും സുഖകരമായ ഓർമ്മകളായി മനസ്സിൽ
നിറഞ്ഞു തുളുംബുകയാണ് ....

എഫ്.എം നിലയങ്ങളെന്നപോലെ എപ്പോഴും എവിടെയും .....
ഏ എം നിലയങ്ങളും ലഭിക്കാനുള്ള സൌകര്യങ്ങളും സന്ദര്ഭങ്ങളും ഉണ്ടാക്കിയെടുത്താൽ ....
എന്നെപോലെയുള്ള കുറെ പഴയ ആളുകള്ക്കും .....
ഒരു നല്ല മാറ്റത്തിനെന്നപോലെ പുത്തൻ തലമുറക്കും അത് ഗുണം ചെയുമെന്ന് തോന്നുന്നു ....

മണികണ്ഠൻ കിഴക്കൂട്ട് , ചേർപ്പ്‌ .